കോൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികാഘോഷം ഇന്ന് നടക്കാനിരിക്കെ കോൽക്കത്തയിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയുടെ പീഠം സാമൂഹികവിരുദ്ധർ തകർത്തു.
മധ്യകോൽക്കത്തയിലെ എപിസി റോഡിനു സമീപമുള്ള സൂകിയ സ്ട്രീറ്റിൽ ഇന്നലെയാണ് പ്രതിമയ്ക്കുനേരെ ആക്രമണം നടന്നത്. ശ്യാമപ്രസാദ് മുഖർജി, ഗോപാൽ മുഖോപാധ്യായ എന്നിവരുടെ പ്രതിമകൾ അടുത്തിടെയാണ് ഇവിടെ സ്ഥാപിച്ചത്.
ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ഇന്നു നടക്കുന്ന ചടങ്ങിൽ ഇവ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യാനിരിക്കേയാണ് ആക്രമണം. ഇന്നലെ രാവിലെയാണ് പീഠം തകർത്തത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പീഠത്തിൽ പതിപ്പിച്ചിരുന്ന പേരുവിവരങ്ങൾ അടങ്ങിയ ഫലകവും പൂർണമായി അടിച്ചുതകർത്ത നിലയിലാണ്.
പശ്ചിമബംഗാളിൽ ഇതിനോടകം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം സംസ്ഥാനത്ത് ബിജെപി വലിയതോതിൽ ആഘോഷിക്കാനൊരുങ്ങുകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് സർക്കാർ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.